ആരാണ് ശിയാക്കള്‍? ഭാഗം: 2

അബ്ദുല്‍ ജബ്ബാര്‍ മദീനി

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

ഇസ്വ്മത്ത്

ശിയാക്കളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സാങ്കേതിക ശബ്ദവും അവരുടെ അടിസ്ഥാനവുമാണ് ഇസ്വ്മത്ത് അല്ലെങ്കില്‍ ഇസ്വ്മത്തുല്‍ ഇമാം. ശിയാ ഇമാമുമാര്‍ എല്ലാവരും തെറ്റുകളില്‍നിന്നും മറവി സംഭവിക്കുന്നതില്‍നിന്നും സുരക്ഷിതരാണെന്നും വലിയ, ചെറിയ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അവര്‍ 'പാപസുരക്ഷിതര്‍' ആണെന്നുമുള്ള വിശ്വാസമാണ് ഇസ്വ്മത്ത്. 

ശിയാ ശെയ്ഖായ അല്‍മജ്‌ലിസീ പറയുന്നു: ''തെറ്റുകള്‍ ചെറുതാകട്ടെ വലുതാകട്ടെ, അവയില്‍ നിന്നെല്ലാം ഇമാമുമാര്‍ സുരക്ഷിതരാണെന്നതില്‍ ഇമാമിയ്യഃ വിഭാഗം ഏകോപിച്ചിരിക്കുന്നു. മനഃപൂര്‍വമോ മറന്നോ, വ്യാഖ്യാനത്തില്‍വരുന്ന പിഴവിനാലോ, അല്ലാഹു മറപ്പിച്ചതിനാല്‍ പോലുമോ അടിസ്ഥാനപരമായി അവരില്‍നിന്ന് യാതൊരു തെറ്റും സംഭവിക്കുകയില്ല.(4)  

ആരാധനകളുടെ യഥാര്‍ഥ അര്‍ഹനും പരമ പരിശുദ്ധനുമായ അല്ലാഹു മാത്രമാണ് മറവിയും അശ്രദ്ധയും വീഴ്ചയും സംഭവിക്കാത്തവനെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായിരിക്കെ അല്ലാഹുവിന് മാത്രമുള്ളത് ഇമാമുമാര്‍ക്ക് വകവെക്കുന്ന വിഷയത്തിലാണ് അവര്‍ ഏകോപിച്ചിരിക്കുന്നത്. അല്ലാഹുവേ നിന്റെ കാവല്‍!

ആയത്തുല്ലാഹ് ഖുമൈനി പറയുന്നു: ''ഇമാമി(അ)ന്റെ ഭരണവും അധികാരവും സ്ഥിരപ്പെടുന്നത്, അല്ലാഹുവിനടുക്കല്‍ അദ്ദേഹത്തിനുള്ള പദവിയില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞെന്ന് അര്‍ഥമാക്കുന്നില്ല. അദ്ദേഹത്തെ മറ്റു ഭരണാധികാരികളെപ്പോലെ ആക്കുകയും ചെയ്യുന്നില്ല. കാരണം, സ്തുത്യര്‍ഹമായ സ്ഥാനവും ഉന്നതമായ പദവിയും ഈ പ്രപഞ്ചത്തിലെ മുഴുവന്‍ പരമാണുക്കളും കീഴ്‌പെടുംവിധം അധികാരവും ആധിപത്യവുമുള്ള പ്രാപഞ്ചിക ഖിലാഫത്തും ഇമാമിനുണ്ട്. നമ്മുടെ മദ്ഹബില്‍ നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍ പെട്ടതാണ്, നമ്മുടെ ഇമാമുമാര്‍(അ)ക്ക് ദൈവനിയുക്തനായ നബിക്കോ ദൈവസാമീപ്യമുള്ള മലക്കിനോ പ്രാപിക്കുവാനാകാത്ത സ്ഥാനമാ ണുള്ളത്. നമ്മുടെയടുക്കലുള്ള നിവേദനങ്ങളുടെയും ഹദീഥുകളുടെയും തേട്ടമനുസരിച്ച് മഹാനായ റസൂലും ﷺ  ഇമാമുമാരും(അ) ഈ പ്രപഞ്ചത്തിനുമുമ്പ് പ്രകാശങ്ങളായിരുന്നു. അങ്ങനെ അല്ലാഹു അവരെ തന്റെ അര്‍ശിനെ വലയം ചെയ്യുന്നവരാക്കി. അല്ലാഹുവിനു മാത്രമറിയാവുന്നത്ര പദവിയും സാമീപ്യവും അവര്‍ക്ക് അവന്‍ നിശ്ചയിച്ചു. മിഅ്‌റാജ് സംഭവത്തിന്റെ നിവേദനങ്ങളില്‍ വന്നതുപോലെ ജിബ്‌രീല്‍ പറഞ്ഞു: ഒരു വിരല്‍ ഞാന്‍ അടുത്താല്‍ ഞാന്‍ കരിഞ്ഞുപോയതു തന്നെ.'ഇമാമുമാര്‍(അ) പറഞ്ഞതായി ഇപ്രകാരം വന്നിട്ടുണ്ട്: അല്ലാഹുവോടൊപ്പം ഞങ്ങള്‍ക്കു ചില അവസ്ഥകളുണ്ട്; ദൈവസാമീപ്യമുള്ള മലക്കുകള്‍ക്കോ ദൈവനിയുക്തരായ നബിമാര്‍ക്കോ ആ അവസ്ഥകള്‍ പ്രാപിക്കുവാനാകില്ല.''(5) 


ഗയ്ബത്ത്

മതപരമായ വീക്ഷണത്തിലായാലും ബുദ്ധിപരമായ വീക്ഷണത്തിലായാലും അല്ലാഹുവില്‍ നിന്നുള്ള ഹുജ്ജത്തില്‍ നിന്ന് കാലം ഒരിക്കലും മുക്തമാവില്ലെന്നും പ്രസ്തുത ഹുജ്ജത്ത് ഇമാമായിട്ടാണ് നിലനില്‍ക്കുകയെന്നും ശിയാക്കള്‍ വിശ്വസിക്കുന്നു. ശിയാ വിഭാഗങ്ങള്‍ മിക്കതും അദൃശ്യനും ഗോപ്യനുമായ ഒരു ഇമാമില്‍ വിശ്വസിക്കുന്നു. മരണശേഷവും ഇമാം മരിച്ചിട്ടില്ലെന്നും നിത്യവാസിയാണെന്നും ജനദൃഷ്ടികളില്‍നിന്ന് മറഞ്ഞിരിക്കുകയാണെന്നും ഭാവിയില്‍ മഹ്ദിയായി ദൃശ്യലോകത്തേക്ക് ആഗതനാകുമെന്നും അവര്‍ മൊത്തത്തില്‍ വിശ്വസിക്കുന്നു; മടക്കത്തിന് യോഗ്യതയുള്ള ഇമാം ആര് എന്നതില്‍ മാത്രമാണ് ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്. 

പതിനൊന്നാമത്തെ ഇമാമായ ഹസനുല്‍ അസ്‌കരി മരണപ്പെട്ടതില്‍ പിന്നെ, ശേഷം ആരാണ് ഇമാം എന്നതില്‍ ശിയാ ലോകത്ത് ഏറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ വിഷയത്തില്‍ മാത്രം അവര്‍ ഇരുപത്തിയഞ്ച് കക്ഷികളായി പിരിഞ്ഞു! അതിലൊരു വിഭാഗമാണ് ഇന്നത്തെ ശിയാലോകം അഥവാ ഇഥ്‌നാഅശരികള്‍ അല്ലെങ്കില്‍ റാഫിദ്വികള്‍. ഹസനുല്‍ അസ്‌കരി മരണപ്പെട്ടിട്ടില്ലെന്നും അദൃശ്യനായി ജവിച്ചിരിപ്പുണ്ടെന്നും അദ്ദേഹമാണ് മഹ്ദിയെന്നും പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന് സന്തതികളില്ലെന്നിരിക്കെ ഭൂമി ഒരു ഇമാമില്‍നിന്ന് മുക്തമാകാവതല്ലെന്നതിനാല്‍ അദ്ദേഹം മരിക്കുവാന്‍ പാടില്ലെന്നും അന്ന് ഒരു വിഭാഗം വാദിച്ചു. ഹസനുല്‍ അസ്‌കരി മരിച്ചെന്നും എന്നാല്‍ അദൃശ്യനായി കഴിയുന്നുവെന്നും ഭാവിയില്‍ രംഗപ്രവേശം ചെയ്യുമെന്നും മറ്റൊരു വിഭാഗവും വാദിച്ചു. ഹസനുല്‍ അസ്‌കരിയുടെ സഹോദരനിലേക്ക് ഇമാമത്ത് മാറിയെന്നും അതല്ല വന്ധ്യനായി മരിച്ചതിനാല്‍ ഹസനുല്‍ അസ്‌കരിയുടെ ഇമാമത്തു തന്നെ അസാധുവാണെന്നും മറ്റു വിഭാഗങ്ങളും വാദിച്ചു. പിന്‍ഗാമിയില്ലാതെ ഹസനുല്‍ അസ്‌കരി മരിച്ചതിനാല്‍ ഇമാമത്ത് നിലച്ചിരിക്കുന്നു എന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നവരും ശിയാകക്ഷികളിലുണ്ടായി.

ഇന്നത്തെ ശിയാലോകം (ഇഥ്‌നാ അശരികള്‍) വിശ്വസിക്കുന്ന ഗയ്ബത്ത് അവരുടെ പൂര്‍വകാലക്കാരുടെതില്‍ നിന്ന് വ്യത്യസ്തവും ഏറെ വിചിത്രവുമാണ്. അവരുടെ ജല്‍പനം ഹസനുല്‍ അസ്‌കരിക്ക് സന്താനമുണ്ടായിരുന്നുവെന്നും അദ്ദേഹം അക്കാലത്തിന്റെ പ്രയാസങ്ങള്‍ കാരണത്താലും അന്നത്തെ ഭരണാധികാരി കുഞ്ഞിനെ ശക്തമായി ആവശ്യപെട്ടതിനാലും അതിനെ ഗോപ്യമാക്കുകയും അതിന്റെ കാര്യം ഒളിപ്പിക്കുകയും ചെയ്തു... എന്നെല്ലാമാണ്! 

ഹസനുല്‍ അസ്‌കരിയുടെ ജീവിതനാളുകൡ ഒരു പുത്രന്‍ പ്രത്യക്ഷപ്പെടുകയോ മരണശേഷം പൊതുജനം ആ പുത്രനെ അറിയുകയോ ചെയ്തിട്ടില്ല.' 

മുഹമ്മദ് ഇബ്‌നു ഹസനുല്‍ അസ്‌കരി എന്ന് പറയപ്പെടുന്ന പന്ത്രണ്ടാമത്തെ ഇമാം ശിയാ വാദ പ്രകാരം അലിയ്യ് ഇബ്‌നു ഹുസയ്‌നിന്റെ സന്താനപരമ്പരയില്‍പെട്ട വ്യക്തിയാണ്. അലിയ്യ് ഇബ്‌നുഹസനിന്റെ സന്താനപരമ്പരയിലല്ല. 

പ്രസ്തുത ഹുജ്ജത്തായി (തെളിവായി) അവരുടെ പന്ത്രണ്ടാമത്തെ ഇമാം ഹിജ്‌റയുടെ 260ല്‍ തന്റെ അഞ്ചാമത്തെ വയസ്സില്‍ സാമുര്‍റാ ദേശത്തെ ഒരു ഗുഹയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ആയിരത്തിലേറെ വര്‍ഷമായി അദ്ദേഹം മരിച്ചിട്ടില്ലെന്നും മടങ്ങിവരുമെന്നും അവര്‍ വിശ്വസിക്കുന്നു. 

വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ശിയാജല്‍പനങ്ങള്‍ തികഞ്ഞ മൗഢ്യമാണ്. യാതൊരു തെളിവും വിളിച്ചറിയിക്കാത്ത കാര്യങ്ങളാണ് ശിയാക്കള്‍ അവരുടെ മഹ്ദിയുടെ വിഷയത്തില്‍ എഴുന്നള്ളിച്ചിരിക്കുന്നത്. കെട്ടുകഥകളെ പോലും നാണിപ്പിക്കുന്ന വ്യാജവാദങ്ങളാണ് തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാമിനെ പടയ്ക്കുന്നതില്‍ അവര്‍ക്കു നടത്തേണ്ടിവന്നിട്ടുള്ളത്. 

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞതുപോലെ 'അവരുടെ ജല്‍പനം ഒരു തരം പുലമ്പലും പിശാചില്‍നിന്നുള്ള തരംതാഴ്ത്തലിന്റെ വലിയൊരു ഭാഗവുമാണ്. അവരുടെ ജല്‍പനത്തിന് യാതൊ രുവിധ തെളിവോ പ്രമാണമോ ഇല്ല തന്നെ.(6)

ഇമാം ഇബ്‌നുല്‍ക്വയ്യിം പറഞ്ഞു: 'ഈ വിഭാഗം, മനുഷ്യ മക്കള്‍ക്ക് അപമാനവും ബുദ്ധിയുള്ളവര്‍ക്കെല്ലാം പരിഹസിച്ച് ചിരിക്കുവാനുള്ള ഒരു വിഷയവുമത്രെ.''


റജ്അത്ത്

മരണപ്പെട്ട കുറെയാളുകള്‍ അന്ത്യനാളിനുമുമ്പ് ഈ ഭൗതികലോകത്തേക്ക് മടങ്ങിവരുമെന്നതും അവര്‍ മരിച്ചതില്‍ പിന്നെ ജീവിതത്തിലേക്ക് മടങ്ങുമെന്നതുമാണ് റജ്അത്ത് കൊണ്ട് ശിയാക്കള്‍ ഉദ്ദേശിക്കുന്നത്. 

ഇന്നത്തെ ശിയാലോകം (ഇഥ്‌നാ അശരികള്‍) വിശ്വസിക്കുന്ന റജ്അത്തിന്റെ താല്‍പര്യം ഇപ്രകാരം സംഗ്രഹിക്കാം:

സിര്‍ദാബില്‍ അദൃശ്യനായി കഴിഞ്ഞുകൂടുന്ന മുഹമ്മദ് ഇബ്‌നു ഹസനുല്‍ അസ്‌കരി എന്ന പന്ത്രണ്ടാമത്തെ ഇമാം, കാലാവസാനത്തില്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാവുമ്പോള്‍ തന്റെ അദൃശ്യ വാസത്തില്‍നിന്ന് മടങ്ങിവരും. അന്യായവും അനീതിയും നിറഞ്ഞ ഭൂമിയില്‍ അതുപോലെ അദ്ദേഹം നീതിയും ന്യായവും നിറയ്ക്കും. ചരിത്ര നാളുകളില്‍ തങ്ങളുടെ പ്രതിയോഗികളായിരുന്നരോട് പ്രതിക്രിയ ചെയ്യലായിരിക്കും ഇമാമിന്റെ പ്രധാന ധര്‍മം.

അബൂബകര്‍(റ), ഉമര്‍(റ) ഉഥ്മാന്‍(റ) ഉള്‍പ്പടെയുള്ള 'ഭരണാധികാരികള്‍ നബി ﷺ യുടെ വിയോഗത്തിനു ശേഷം ഭരണം തട്ടിയെടുത്തതിനാല്‍ പ്രതിക്രിയക്ക് ഇരകളാകുവാന്‍ അവരും ഉയിര്‍ത്തെ ഴുന്നേല്‍പിക്കപ്പെടുമെന്നും ഭൗതികലോകത്തേക്ക് മടങ്ങുമെന്നും ശിയാക്കള്‍ ജല്‍പിക്കുന്നു. മഹ്ദി മടങ്ങിയാല്‍ നിര്‍വഹിക്കുവാനുള്ള ധര്‍മങ്ങളിലൊന്നാണ് ശിയാവാദ പ്രകാരം ഈ പ്രതിക്രിയ. മഹ്ദിയുടെ വര്‍ത്തമാനം മജ്‌ലിസീ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: 'ഞാന്‍ യഥ്‌രിബിലേക്ക് വരും. ഞാന്‍ ഹുജ്‌റ പൊളിക്കും. അതിലുള്ള രണ്ടു പേരെ അവരുടെ പച്ച ശരീരങ്ങളോടെ ഞാന്‍ പുറത്തെടുക്കും...'(7)   

മറ്റു പതിനൊന്നു ഇമാമുമാര്‍ അന്ത്യനാളിനുമുമ്പ് പുനര്‍ജീവിച്ച് ഈ ഭൗതികലോകത്തേക്ക് മട ങ്ങിവരുമെന്നും അവര്‍ വിശ്വസിക്കുന്നു.

'വാഗ്ദത്ത മഹ്ദിയുടെ ദൗത്യങ്ങള്‍''എന്ന പേരില്‍ ഒരു അധ്യായം വഴിയെ വരുന്നുണ്ട്. മഹ്ദിയുടെ റജ്അത്തുണ്ടായാല്‍ ശിയാലോകം സ്വപ്‌നം കാണുന്ന ക്രൂരതകളും ഹീനതകളും അവിടെ മനസ്സിലാക്കാം. റജ്അത്തെന്ന ഈ ആശയം കേവലം ശിയാ ജല്‍പനമാണ്. സ്ഥിരപ്പെട്ട പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവും ഇതിന് ഇല്ല തന്നെ.


ദ്വുഹൂര്‍

മരണാനന്തരം ഇമാമുമാര്‍ തങ്ങളുടെ ക്വബ്‌റുകളില്‍ നിന്ന് പ്രത്യക്ഷപ്പെടുമെന്നും പിന്നീട് ക്വബ്‌റിലേക്ക് തന്നെ മടങ്ങുമെന്നുമുള്ള ശിയാ വിശ്വാസമാണ് ദ്വുഹൂര്‍. എന്നാല്‍ റജ്അഃയെ പോലെ പ്രത്യേക സമയമോ കാലമോ ദ്വുഹൂറിനില്ല. ഇമാമുമാര്‍ എപ്പോഴാണോ ഉദ്ദേശിക്കുന്നത് അപ്പോഴാണത്രെഅതിന്റെ സമയം!

ശിയാ ശെയ്ഖായ അല്‍മജ്‌ലിസിയുടെ 'ബിഹാറുല്‍ അന്‍വാറി'ല്‍ ഇപ്രകാരമുണ്ട്: 'ഒരാള്‍ അബൂഅബ്ദില്ലായുടെ അടുക്കല്‍ പ്രവേശിച്ചു. അയാളോട് അബൂ അബ്ദില്ല ചോദിച്ചു: നിനക്ക് (മരിച്ചുപോയ) അബൂജഅ്ഫറിനെ കാണുവാന്‍ ആഗ്രഹമുണ്ടോ?' അയാള്‍ പറഞ്ഞു: 'അതെ.' അബൂഅബ്ദില്ല പറഞ്ഞു: 'എഴുന്നേറ്റ് വീട്ടില്‍ പ്രവേശിക്കുക.' ഞാന്‍ വീട്ടില്‍ പ്രവേശിച്ചു. അപ്പോഴതാ അബൂജഅ്ഫര്‍.(8)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''ഒരാള്‍ അബുല്‍ഹസന്റെയടുക്കല്‍ പ്രവേശിച്ചു. അയാളോട് അബുല്‍ഹസന്‍ ചോദിച്ചു: 'നിനക്ക് (മരിച്ചുപോയ) അബൂഅബ്ദില്ലയെ കാണുവാന്‍ കൊതിയുണ്ടോ?' അയാള്‍ പറഞ്ഞു: 'അല്ലാഹുവാണെ എനിക്ക് കൊതിയുണ്ട്.' അബുല്‍ഹസന്‍ പറഞ്ഞു: 'എഴുന്നേറ്റു ചെന്ന് ആ വീട്ടില്‍ പ്രവേശിക്കുക.' ഞാന്‍ ആ വീട്ടില്‍ പ്രവേശിച്ചു. അപ്പോഴതാ അബൂഅബ്ദില്ല ഇരിക്കുന്നു.(9)

പ്രാമാണികമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങളാണിതെല്ലാം. കെട്ടുകഥകളും വ്യാജ നിവേദനങ്ങളുമാണ് ഇതിനെല്ലാം അവരുടെ തെളിവുകള്‍. ഒരു മറുപടി പോലും അര്‍ഹിക്കാത്ത വിശ്വാസങ്ങളും വാര്‍ത്തകളും.


തക്വിയ്യത്ത്

ശിയാ വിശ്വാസത്തിലെ മറ്റൊരു മൂലശിലയാണ് തക്വിയ്യത്ത്. എതിരാളികളുടെ ഉപദ്രവം ഭയന്ന് വിശ്വാസം മറച്ചുപിടിക്കലും എതിരാളികള്‍ക്കെതിരില്‍ പുറപ്പെടുന്നത് ഒഴിവാക്കലുമാണ് തക്വിയ്യത്ത്. ശിയാക്കള്‍ക്ക് ശത്രുക്കള്‍ അഹ്‌ലുസ്സുന്നഃയാണ്. തക്വിയ്യത്ത്അവരുടെമേല്‍ വാജിബായ ബാധ്യതയാണെന്നതും സിര്‍ദാബില്‍ അദൃശ്യനായി കഴിയുന്ന ഇമാമിന്റെ പുറപ്പാടുണ്ടാകുന്നതുവരെ തക്വ്യ്യത്തിന്റെ വിധി നിലനില്‍ക്കുമെന്നതും അത് ഉപേക്ഷിക്കുന്നവന്റെ മതവിധി നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ മതവിധിയാണെന്നതും ശിയാ ആദര്‍ശമാണ്. 

തങ്ങളുടെ ഇമാമായ അലിയ്യ് ഇബ്‌നു മൂസര്‍റിദ്വാ പറഞ്ഞതായി ശിയാഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു: ''തക്വിയ്യത്ത് ഇല്ലാത്തവന് ഈമാനില്ല. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ അത്യാദരണീയന്‍ നിങ്ങളില്‍ തകിയ്യത്തുകൊണ്ട് നന്നായി പ്രവര്‍ത്തിക്കുന്നവനത്രെ... അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: 'റസൂലുല്ലാന്റെ പൗത്രരേ, ഏത് കാലം വരെ?' അദ്ദേഹം പറഞ്ഞു: 'ഒരു നിര്‍ണിത നാളുവരെ. അഥവാ നമ്മുടെ മഹ്ദി പുറപ്പെടുന്നതുവരെ. വല്ലവനും നമ്മുടെ മഹ്ദി പുറപ്പെടുന്നതിനുമുമ്പായി തക്വിയ്യത് ഉപേക്ഷിച്ചാല്‍ അവന്‍ നമ്മില്‍ പെട്ടവനല്ല.''(10)

തനി കളവും കാപട്യവുമാണ് ശിയാ തക്വിയ്യത്ത്. കപട വിശ്വാസികളുടെ നിലപാടുകളും ഇടപാടുകളുമാണ് തക്വിയ്യത്ത് എന്ന ആദര്‍ശത്തിലൂടെ ശിയാലോകം കാഴ്ചവെക്കുന്നത്.

ആദര്‍ശത്തില്‍ പരീക്ഷിക്കപ്പെടുകയും കുഫ്‌റിനു നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിശ്വാസിക്ക് കുഫ്‌റിന്റെ പദം ഉച്ചരിക്കുവാന്‍ ഇളവുണ്ട്. അപ്രകാരം തന്നെ അക്രമികളായ അവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതനായ ഒരു വിശ്വാസി; ആദര്‍ശം വെളിപ്പടുത്തുവാനോ സമരത്തിലേര്‍പെടുവാനോ കഴിയാത്ത അവസ്ഥയില്‍ അവരില്‍ നിന്ന് ഈമാന്‍ മറച്ചു പിടിക്കുവാനും അയാള്‍ക്ക് ഇളവുണ്ട്. ഇത്തരം മതപരമായ ഇളവുകള്‍ അറിയിക്കുന്ന പ്രമാണ വചനങ്ങളെ തക്വിയ്യത്തിനു തെളിവാക്കി അവതിരിപ്പിക്കുകയാണ് ശിയാ ഗ്രന്ഥങ്ങള്‍.


Ref:

4. ബിഹാറുല്‍ അന്‍വാര്‍ വാ: 25, പേ: 211.

5. ഇസ്‌ലാമിക ഗവണ്‍മെന്റ്, പേ: 52.

6. അന്നിഹായഃ ഫില്‍ഫിതനി വല്‍ മലാഹിം, പേജ: 17.

7. ബിഹാറുല്‍ അന്‍വാര്‍. വാ: 53, പേ: 104,105.

8. ബിഹാറുല്‍ അന്‍വാര്‍, വാ: 27, പേ: 303, ബസ്വാഇറുദ്ദറജാത്, പേ: 78.

9. ബിഹാറുല്‍അന്‍വാര്‍, വാ: 27, പേ: 304, ബസ്വാഇറുദ്ദറജാത് പേ: 78

10. അഅ്‌ലാമുല്‍വറാ, ത്വബ്‌റസി. പേ: 408.

0
0
0
s2sdefault