ആക്ഷേപങ്ങളെ ഭയപ്പെടാത്തവര്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11
''സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരും ആയ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (ക്വുര്‍ആന്‍ 5:54)  

ദൈവ കല്‍പനയുടെ നിര്‍വഹണത്തിലെ വീഴ്ച കാരണം സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട് ഭൂമിയിലേക്ക് മാറിത്താമസിക്കേണ്ടതായി വന്നു ആദിപിതാവിനും മാതാവിനും. സ്വര്‍ഗലോകത്തേക്ക് തിരിച്ചെത്താന്‍ സ്രഷ്ടാവ് മനുഷ്യന് മുന്നില്‍ കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ മാര്‍ഗദര്‍ദര്‍ശനം അവതരിപ്പിച്ചുകൊണ്ടേയിരുന്നു; അതാണ് ഇസ്‌ലാം.

സത്യമതത്തെ പിന്‍പറ്റുന്നവര്‍ക്ക് ഭയാശങ്കകളില്ലാതെ സ്വര്‍ഗലോകത്തില്‍ തിരിച്ചെത്താം. ഈ പരിശ്രമത്തില്‍ ഏര്‍പ്പെടുന്നവരാണ് യഥാര്‍ഥ മുസ്ലിംകള്‍. താന്‍ തിരിച്ചറിഞ്ഞ ഈ സത്യം തന്റെ സഹോദരങ്ങളായ മുഴുവന്‍ മനുഷ്യരും ജാതി, വര്‍ഗ ഭേദമന്യെ തിരിച്ചറിയണമെന്ന് അതിയായ ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമവും മുസ്‌ലംകളുടെ ബാധ്യതയാണ്. 

പ്രവാചകന്‍മാര്‍ കൈമാറിവന്ന ഈ സത്യസന്ദേശ പ്രചാരണം കാലാകാലങ്ങളില്‍ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ ലോകത്തെമ്പാടുമുള്ള മുസ്‌ലിംസമൂഹം നിര്‍വഹിച്ചുപോന്നു. ഇന്നും ഈ പ്രബോധന സംരംഭം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

മുസ്‌ലിമിന്റെ വിശ്വാസപ്രമാണങ്ങള്‍ അവനെ പഠിപ്പിക്കുന്നത് ഇസ്‌ലാമിന്റെ വഴിയിലേക്ക് ഒരാളുടെ മനസ്സിന് തുറവിയുണ്ടാക്കിക്കൊടുക്കുന്നത് ലോകരക്ഷിതാവായ അല്ലാഹുവാണ് എന്നതത്രെ. അതിനാവശ്യമായ ചില ഭൗതിക ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കല്‍ മുസ്‌ലിമിന്റെ പാരത്രിക ജീവിതം മുന്‍ നിര്‍ത്തിയുള്ള ബാധ്യത മാത്രം. 

സത്യമതത്തെ പരിചയപ്പെടുത്തിയ ഘട്ടങ്ങളിലെല്ലാം ഇരുട്ടിനെ ഇഷ്ടപ്പെടുന്ന, വെളിച്ചത്തെ ഭയക്കുന്ന അധര്‍മത്തിന്റെ ആളുകള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മനുഷ്യരില്‍ ഏറ്റവും ഉന്നതരായി ജീവിച്ചിട്ടും തുല്യതയില്ലാത്ത ആക്രമണങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും പ്രവാചകന്മാരും അനുചരന്മാരും വിധേയരായിട്ടുണ്ട്. ഈ ബോധ്യങ്ങളില്‍ നിന്നു തന്നെയാണ് ഓരോ സത്യവിശ്വാസിയും ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള ചെറുതും വലുതുമായ ഓരോ ദൗത്യവും ഏറ്റെടുക്കാനുള്ളത്. ഒരാളും നരകത്തില്‍ പ്രവേശിക്കരുതെന്നും എല്ലാവരും സ്വര്‍ഗാവകാശികളായിത്തീരണമെന്നുമുള്ള ആഗ്രഹം വെച്ചുപുലര്‍ത്തുന്നവരാണ് മുസ്‌ലിംകള്‍. അതുകൊണ്ടാണ് അവര്‍ നന്മ കല്‍പിക്കുന്നതും തിന്മ വിരോധിക്കുന്നതും.

എന്നാല്‍ ഇരുട്ടിന്റെ ശക്തികള്‍ ഇതിനെ തളര്‍ത്താന്‍ ശ്രമിക്കും എന്നതില്‍ തര്‍ക്കമില്ല. ഉള്ളില്‍ നിന്നും പുറത്തുനിന്നും തളര്‍ത്തലുകള്‍ ഉണ്ടാകാം. പരസ്യമായും രഹസ്യമായും ഉണ്ടാകാം. ദേഹോപദ്രവവും മാനസിക പീഡകളും ഏറ്റുവാങ്ങേണ്ടി വന്നേക്കാം.

എല്ലാത്തിലുമുപരി സര്‍വശക്തനും അളവറ്റ ദയാപരനുമായ അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ച് അവന്റ മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചവരെ ആര്‍ക്കാണ് തടഞ്ഞുനിര്‍ത്താന്‍ സാധിക്കുക? ഈ ലോകം നശ്വരമാണെന്നും അനശ്വരവും അമരത്വവും ലഭിക്കുന്ന പാരത്രിക ലോകമാണ് തന്റെ പരമമായ ലക്ഷ്യമെന്നും ഉറച്ചു വിശ്വസിക്കുന്നവനെ മരണത്തിന്റെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ ആവുമോ? അദ്വിതീയനും ഏകനുമായ ലോകത്തിന്റെ സ്രഷ്ടാവിനെ ഭരമേല്‍പിച്ചവന്, ഭൗതികലോകത്തെ നിസ്സാരമായി കാണുന്നവന്റെ മുമ്പില്‍ ഇതെല്ലാം എത്രയോ ചെറിയ തടസ്സങ്ങളാണ്.

നന്മയുടെ ഈ സ്വഛമായ പ്രവാഹം നിലയ്ക്കാതെ തുടരുക തന്നെ ചെയ്യും. നാം ഇതിലെ ഒരു തുള്ളിയായി മാറുന്നുണ്ടോ എന്ന ശ്രദ്ധ ഉണ്ടാവുക. കരയിലേക്കു മാറിനിന്നാല്‍ കുതിച്ചൊഴുകുന്ന ജലത്തിലെ ഒരു തുള്ളിയായി മാറാന്‍ നമുക്ക് സാധിക്കാതെ വരും എന്നതല്ലാതെ മറ്റെന്താണ് ഉണ്ടാവുക?!

0
0
0
s2sdefault