ആദര്‍ശം കയ്യൊഴിച്ചാല്‍ ഭിന്നതകള്‍ക്ക് അറുതിയുണ്ടാകില്ല

ശാജി സ്വലാഹി, എടത്തനാട്ടുകര

2017 ഒക്ടോബര്‍ 07 1438 മുഹറം 16

സമകാലികലോകത്ത് മുസ്‌ലിം സമൂഹത്തെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു പ്രശ്‌നമാണ് സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭിന്നതകളും കക്ഷിത്വങ്ങളും. അടിസ്ഥാനപരവും അല്ലാത്തതുമായ പ്രശ്‌നങ്ങളിലുള്ള വ്യത്യസ്ത നിലപാടുകള്‍ മുസ്‌ലിം ജനസാമാന്യത്തെ പലപ്പോഴും മതപരമായ കാര്യങ്ങളില്‍നിന്ന് അകറ്റുന്നുവെന്നത് വര്‍ധിച്ച തോതിലല്ലെങ്കിലും ഒരു യാഥാര്‍ഥ്യമാണ്. പ്രശ്‌നങ്ങള്‍ എന്ത് എന്ന് അനേ്വഷിക്കുന്നതിനു പകരം ഉചിതമല്ലാത്ത തീരുമാനത്തില്‍ അവര്‍ എത്തുന്നുവെന്നത് സമൂഹത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് സമാധാനദായകമല്ല.

പ്രബോധനമേഖലയിലെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടാനും മാറിനില്‍ക്കാനും ചിലര്‍ ശ്രമിക്കുന്നതിന്റെ കാരണങ്ങള്‍ ചികയുമ്പോള്‍ മുസ്‌ലിം സമൂഹത്തിലെ അന്തഃഛിദ്രത ഒരു പ്രധാന കാരണമായി കണ്ടെത്താന്‍ കഴിയും. സമുദായത്തിന്റെ ന്യൂനതകള്‍ മാത്രം പരതുന്നവരും ശത്രുത പുലര്‍ത്തുന്നവരുമായവര്‍ക്ക് കാര്യങ്ങളെ പര്‍വതീകരിച്ച് കാണിക്കുവാനും കൊത്തിവലിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതും കക്ഷിത്വ താല്‍പര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ കാണാതെപോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണ്. 

ഭിന്നതകള്‍ ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും നല്‍കുന്നത് ആശാവഹമായ കാര്യമല്ല. ഏത് വിഭാഗത്തെയും അത് ദുര്‍ബലതയിലേക്കും ശക്തി ക്ഷയിക്കുന്നതിലേക്കും നയിക്കുമെന്നതിനാല്‍ അത്തരം ഒരവസ്ഥക്ക് കാരണക്കാരാകുന്നതില്‍നിന്ന് ശക്തമായ താക്കീതാണ് അല്ലാഹു നല്‍കുന്നത്: ''അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ച്) പോവുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു'' (അന്‍ഫാല്‍ 46).

സമൂഹത്തിന്റെ നിലനില്‍പിനെയും കെട്ടുറപ്പിനെയും ബാധിക്കുന്ന ഭിന്നിപ്പിനെ ഐക്യത്തിന് യാതൊരു വിലയും കല്‍പിക്കാത്ത ബഹുദൈവവിശ്വാസികളുടെ സ്വഭാവമായാണ് ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്: 

''(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും അവനെ സൂക്ഷിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ'' (30:31,32).

തര്‍ക്കം അഭികാമ്യമല്ലാത്ത വിധിവിശ്വസം പോലെയുള്ള കാര്യങ്ങളില്‍ തന്റെ അനുചരന്മാര്‍ തര്‍ക്കത്തിലേര്‍പെട്ടപ്പോള്‍ നബി ﷺ താക്കീത് ചെയ്തത് ചേരിതിരിവ് സമൂഹത്തില്‍ വരുത്തിവെക്കുന്ന ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ്. 


പരിഹാരമെന്ത്?

മുസ്‌ലിം സമൂഹത്തിലെ ഭിന്നതകള്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന പരിഹാരങ്ങളില്‍ മിക്കതും അടിസ്ഥാന പ്രശ്‌നങ്ങളെ സ്പര്‍ശിക്കാത്തതാണെന്ന് കാണാന്‍ കഴിയും. അതിനാല്‍ അതൊരിക്കലും ഫലം കാണുകയില്ല. യഥാര്‍ഥ കാരണം കണ്ടെത്താതെ നടത്തുന്ന ചികിത്സ രോഗം വഷളാക്കാനേ ഉപകരിക്കൂ. അതിനാല്‍ പ്രശ്‌നങ്ങളെ തിരിച്ചറിയുകയാണ് ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടി. ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്ന പലരും കേവലം അധരവ്യായാമത്തിനപ്പുറം ആത്മാര്‍ഥമായി ഇടപെടാന്‍ ശ്രമിക്കുന്നില്ല എന്നതും വസ്തുതയാണ്. രാഷ്ട്രീയപരമോ മറ്റോ ആയ ഭൗതിക താല്‍പര്യങ്ങളോടെ പ്രശ്‌നങ്ങളെ സമീപിക്കുന്നതുകൊണ്ടും പരിഹാരമുണ്ടാകില്ല.


പ്രമാണങ്ങളെ അടിസ്ഥാനമാക്കുക

മുസ്‌ലിം സമൂഹത്തില്‍ ഗതകാലങ്ങളില്‍ സംഭവിച്ചതും വര്‍ത്തമാന കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സകല അപഭ്രംശങ്ങളും ഉണ്ടായത് പ്രമാണങ്ങളില്‍നിന്നും അകന്നത് നിമിത്തമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഐക്യത്തിലും ഒരുമയിലും മുന്നോട്ടു പോകേണ്ട ഈ സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനും പരസ്പരം അസഹിഷ്ണുത വെച്ചുപുലര്‍ത്താനും ഹേതുവായ കാര്യങ്ങള്‍ വെറും ശാഖാപരമല്ലെന്നും അടിസ്ഥാനപരവും ആദര്‍ശപരവുമായ പലതും ഉണ്ടെന്നതും പരിഗണിക്കപ്പെടേണ്ടതാണ്. അപ്പോഴാണ് പുറംചികിത്സയുടെ അര്‍ഥശൂന്യത ബോധ്യമാവുക. പാരത്രിക വിജയം നിലകൊള്ളുന്നത് പ്രശ്‌നങ്ങളില്‍ നാം സ്വീകരിക്കുന്ന സമീപനങ്ങളെ ആശ്രയിച്ചാണെന്നത്, ഭൗതിക താല്‍പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ട് ഐക്യാഹ്വാനം നടത്തുന്നവര്‍ക്ക് ആത്മാര്‍ഥമായി  ഇടപെടാന്‍ സാധ്യമാകില്ല എന്ന് വ്യക്തമാക്കിത്തരുന്നു. സമുദായം എപ്പോഴെല്ലാം അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് അകലുന്നുവോ അപ്പോഴെല്ലാം അനൈക്യം തലപൊക്കുകയും സമുഹം നാശത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമെന്നുമാണ് നടേ സൂചിപ്പിച്ച ക്വുര്‍ആന്‍ സൂക്തം നമ്മെ തെര്യപ്പെടുത്തുന്നത്. 

സമുദായത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുമെന്ന് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ പ്രവചിച്ചിട്ടുണ്ട്. 'നിങ്ങള്‍ക്കു മുമ്പ് ജീവിച്ച വേദക്കാരായ ജൂത-ക്രൈസ്തവര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. നിശ്ചയമായും എന്റെ ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. എഴുപത്തിരണ്ടും നരകത്തിലായിരിക്കും. ഒന്ന് സ്വര്‍ഗത്തിലും. അറിയുക! അതാണ് യഥാര്‍ഥ (വിജയിച്ച) സംഘം' എന്ന മുന്നറിയിപ്പ് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

നബി ﷺ യുടെ വിയോഗാനന്തരം അനുചരന്മാര്‍ക്കിടയില്‍ പോലും അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. നബി ﷺ െയ എവിടെ ക്വബ്‌റടക്കം ചെയ്യണം, ആര് ഖലീഫയാകണം തുടങ്ങിയവ അതില്‍പെട്ടതാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ സ്വീകരിച്ച അളവുകോല്‍ നമ്മുടെ വിഷയത്തില്‍ നാം മാറ്റിവെക്കുന്നു എന്നതാണ് നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകാന്‍ കാരണം. അവര്‍ ഉടനടി പ്രമാണങ്ങളിലേക്ക് മടങ്ങും. അതിന്റെ വിധിയില്‍ അവര്‍ ഏകോപിക്കുകയും ചെയ്യും. 

പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പിന്‍മാറുകയോ പകച്ചു നില്‍ക്കുകയോ അല്ല വിശ്വാസി ചെയ്യേണ്ടത്. തങ്ങള്‍ നേരിടുന്ന മതപരമായ വിഷയത്തിലുള്ള അഭിപ്രായ ഭിന്നതക്കുള്ള പരിഹാരം ക്വുര്‍ആനിലും നബിചര്യയിലും അന്വേഷിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ സാധിക്കും എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍'ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).

0
0
0
s2sdefault