ആദര്‍ശം അടിച്ചേല്‍പിക്കാനുള്ളതല്ല 

പത്രാധിപർ

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

മതങ്ങള്‍ എന്നത് കുറെ ആളുകള്‍ ദൈവത്തിന്റെ പേരില്‍ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സ്വയംകൃതവും അല്ലാത്തതുമായ കര്‍മങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം കൂട്ടിക്കുഴച്ച് വിവിധ തലങ്ങളിലും തട്ടുകളിലുമായി കൊണ്ടുനടക്കുന്ന ഒരു ഏര്‍പാടാണ് എന്നാണ് പൊതുവെ കാണപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്തിട്ടുള്ളത്. എല്ലാ മതവിഭാഗങ്ങളെയും പോലെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍നിന്നും മുസ്‌ലിം സമുദായവും മുക്തമല്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും യാതൊരു പഴുതുമില്ല. എന്ന് മാത്രമല്ല അവയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാനാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. 

മനുഷ്യന്റെ സൃഷ്ടി പ്രകൃതിയുടെ സകലമാന പ്രത്യേകതകളും പരിഗണിച്ചുകൊണ്ടാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും. തന്നെ ഒരു ഉത്തമ പൗരനാക്കുന്ന, ആത്യന്തിക വിജയത്തിന് നയിക്കുന്ന ഒരു മാര്‍ഗനിര്‍ദേശത്തെക്കുറിച്ചുള്ള ചിന്തയും അന്വേഷണവുമാണ് മനുഷ്യനില്‍നിന്നുണ്ടാകേണ്ടത്. മനുഷ്യന്റെ മാനസിക-ശാരീരിക അവസ്ഥകളെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചുമെല്ലാം നന്നായി അറിയുക അവന്റെ സ്രഷ്ടാവിനായിരിക്കുമല്ലോ. സര്‍വശക്തനും സര്‍വാധീശനുമായ ഒരുവന് മാത്രമെ മേല്‍പറഞ്ഞ രൂപത്തിലുള്ള അന്യൂനമായ മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയൂ എന്നതില്‍ സംശയമില്ല. ആ മാര്‍ഗദര്‍ശനത്തിനാണ് ഇസ്‌ലാം എന്ന് പറയുന്നത്. 

മനുഷ്യന്‍ സംസ്‌കൃതനാകുവാനും ഇഹപര വിജയത്തിന് അര്‍ഹനാകുവാനുമുള്ള ദൈവിക മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം എന്നര്‍ഥം. മനുഷ്യവാസമുണ്ടായ ഭൂപ്രദേശങ്ങളിലെല്ലാം ദൈവിക കല്‍പന പ്രകാരം അവനെ മാത്രം ആരാധിച്ച് ജീവിക്കുവാനുള്ള ഉദ്‌ബോധനങ്ങളുമായി പ്രവാചകന്മാര്‍ അയക്കപ്പെട്ടിട്ടുണ്ടെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയതായി കാണാം:  

''...എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി''(13:7). ''ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്...''(10:47).

വിവിധ നാടുകളിലേക്കും വ്യത്യസ്ത ജനവിഭാഗങ്ങൡലേക്കുമാണ് പ്രവാചകന്മാര്‍ നിയോഗിതരായതെങ്കിലും അവരുടെ പ്രബോധനത്തിന്റെ അടിസ്ഥാനശിലകള്‍ ഒന്നുതന്നെയായിരുന്നു. സ്രഷ്ടാവും സംരക്ഷകനും മരിപ്പിക്കുന്നവനും ഏകനായ അല്ലാഹു മാത്രമാണ്. അവന്‍ മാത്രമാണ് ആരാധനകള്‍ അര്‍ഹിക്കുന്നത്. അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ. മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. ലോകം ഒരുനാള്‍ അവസാനിക്കും. പുനരുദ്ധാരണത്തിന് ശേഷം വിചാരണ ചെയ്യപ്പെടും. സത്യവിശ്വാസം സ്വീകരിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് ജീവിച്ചവര്‍ക്ക് ശാശ്വത സ്വര്‍ഗജീവിതം പ്രതിഫലമായി ലഭിക്കും. അല്ലാത്തവര്‍ നരക ശിക്ഷക്ക് വിധേയരാകും. ഇത് എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ആദര്‍ശമാണ്. 

അല്ലാഹു പറയുന്നു: ''...മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെമേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി...'' (ക്വുര്‍ആന്‍ 22:78).

ഈ സാക്ഷീകരണത്തിന്റെ ഭാഗം കൂടിയാണ് ഇസ്‌ലാമിക പ്രബോധനം. പ്രമാണങ്ങള്‍ നേര്‍ക്കുനേരെ വിശദമാക്കിക്കൊടുക്കുക എന്നതാണ് പ്രബോധകന്റെ കടമ. ആദര്‍ശം ആരെയും അടിച്ചേല്‍പിക്കുവാന്‍ ഇസ്‌ലാം പറയുന്നില്ല. പ്രവാചകനോടായി അല്ലാഹു പറയുന്നു: ''പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ'' (18:29). 

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:256). 

0
0
0
s2sdefault