ആദര്‍ശയോജിപ്പില്ലാത്ത ഭര്‍തൃവീട്ടുകാര്‍

ഹാരിസ്ബിന്‍ സലീം

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12
ആദര്‍ശപരമായി യോജിക്കാത്ത ഭര്‍തൃവീട്ടുകാരുമായി സഹകരിച്ച് പോകാന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാമോ?

നമ്മുടെ കൂടെ ജീവിക്കുന്നവരെല്ലാം നമ്മുടെ ആശയക്കാരും ആദര്‍ശക്കാരുമാവണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിന് വേണ്ടി പ്രവര്‍ത്തിക്കലും ആവശ്യമാണ്. അങ്ങനെ ആണെങ്കില്‍ മാത്രമെ അവിടെ ജീവിക്കൂ എന്ന് തീരുമാനിച്ചാല്‍ അത് പ്രയാസകരമായിരിക്കും. അബൂത്വാലിബ് നബി (സ)യെ ഏറ്റവുമധികം സംരക്ഷിച്ച വ്യക്തിയാണ്. പക്ഷേ, ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. ഫിര്‍ഔനിന്റെ ഭാര്യ വിശ്വാസികള്‍ക്ക് മാതൃകയാണ്. ഭര്‍ത്താവ് അവരുടെ ആദര്‍ശ ശത്രുവായിരുന്നു എന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്. ഹിദായത്ത് നല്‍കുന്നത് അല്ലാഹുവാണ്. നമുക്ക് പ്രാര്‍ഥിക്കുവാനും നിമിത്തമാകുവാനും മാത്രമെ സാധിക്കൂ.

തന്റെ വിശ്വാസത്തെ നിലനിര്‍ത്താനും ആരാധനകള്‍ നിര്‍വഹിക്കാനും ഒരു നിലയ്ക്കും അനുവദിക്കാത്തിടത്ത് അവയില്‍ വീഴ്ച വരുത്തി നിലനിന്ന് പോകുന്നത് തെറ്റാണ്. കാരണം, ഒരു വിശ്വാസിക്ക് അല്ലാഹുവിനെക്കാളും പ്രവാചകനെക്കാളും പ്രിയപ്പെട്ടതല്ല മറ്റൊന്നും.

''നബിയേ, പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (9:24).

ഈ ക്വുര്‍ആന്‍ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നാസിറുസ്സഅദി(റഹി) പറയുന്നു: ''കാരണം, അല്ലാഹുവോടും പ്രവാചകനോടുമുള്ള സ്‌നേഹം മറ്റെല്ലാറ്റിനോടുമുള്ള സ്‌നേഹത്തെക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണ്. മറ്റെല്ലാം അവ രണ്ടിന്റെയും അനുബന്ധങ്ങള്‍ മാത്രമാണ്.''

ചോദ്യകര്‍ത്താവിന് തന്റെ ഭര്‍തൃവീട്ടില്‍ തന്റെ ആദര്‍ശമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പിന്തുണയോ പ്രോത്സാഹനങ്ങളോ ലഭിക്കുന്നില്ല. മാത്രമല്ല, കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും കൂടി ചെയ്യുന്നു. ഭര്‍തൃവീടുമായി നല്ലബന്ധം നിലനിര്‍ത്തുന്നത് ഭര്‍ത്താവുമായി സമാധാനപരമായി ജീവിച്ചുപോകാന്‍ ആവശ്യമാണ്.

ഇവിടെ ഭര്‍ത്താവിന്റെ ആദര്‍ശപരമായ പിന്തുണ ഈ സഹോദരിക്കുണ്ടെന്ന് മനസ്സിലാകുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുരുക്കിപ്പറയട്ടെ.

1. നിങ്ങളുടെ ദീനീ പ്രവര്‍ത്തനങ്ങള്‍ അവരോടുള്ള ഒരു വെല്ലുവിളിയാകരുത്. 'എന്റെ മാര്‍ഗം സത്യമല്ലേ, പിന്നെ ഞാനെന്തിന് ഭയപ്പെടണം?' എന്നത് ശരിയായ ഒരാശയമാണെങ്കിലും നടപ്പിലാക്കുന്നതില്‍ ചില പ്രായോഗികതകള്‍ സ്വീകരിക്കണം. ഞാന്‍ ഒരു ഗ്രൂപ്പിനുവേണ്ടിയോ, ഒരു സംഘടനാ നേതാവിനു വേണ്ടിയോ അതല്ലെങ്കില്‍ എതിര്‍കക്ഷിയെ പരാജയപ്പെടുത്താനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ട, എന്റെ പരലോകത്തേക്ക് ഉപകരിക്കുന്ന ചില കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. ഇത്തരം ഗുണകാംക്ഷാപരമായ സമീപനം ആരും അംഗീകരിക്കും.

2. ''ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് വിശ്വാസം പൂര്‍ണമായവര്‍'' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. നമ്മുടെ ദീന്‍ നമ്മുടെ സ്വഭാവ, പെരുമാറ്റങ്ങളില്‍ പ്രകടമാവണം. വിയോജിപ്പുകള്‍ പരസ്പരം തകര്‍ച്ചയുണ്ടാക്കിയാല്‍ പിന്നീട് അവിടെ ജീവിക്കല്‍ പ്രയാസകരമാവും. സഹകരിക്കാവുന്ന മേഖലകളില്‍ ഏറ്റവും നന്നായി സഹകരിച്ച് ജീവിക്കുക.

3. ഭര്‍തൃവീട്ടില്‍ നിങ്ങള്‍ക്ക് സ്വന്തമായി റൂമും സൗകര്യങ്ങളുമുണ്ടാകുമല്ലോ! അത് പരമാവധി ദീനീ പഠനത്തിനും പ്രയോഗത്തിനും ഉപയോഗിക്കുക. പരസ്യമാകുമ്പോഴാണ് വിമര്‍ശനങ്ങള്‍ കൂടുന്നത്.

4. സ്ത്രീകള്‍ക്കിടയില്‍ പ്രബോധനം നിര്‍വഹിക്കാനും മതം പഠിക്കാനും പുറത്തിറങ്ങാതെ തന്നെ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് സാധിക്കും. ബന്ധങ്ങളും പ്രബോധനവും ഇതുവഴി നിര്‍വഹിക്കുക. സൂക്ഷ്മത കൈവിടാതിരിക്കുക.

5. ഭര്‍ത്താവിന്റെ സഹകരണമുള്ളതിനാല്‍ അല്‍പംകൂടി ക്ഷമിച്ചാല്‍ സ്വതന്ത്രമായി ജീവിക്കാവുന്ന വീടും സാഹചര്യങ്ങളും ഭര്‍ത്താവിനോടൊപ്പം സാധ്യമാകുമ്പോള്‍ ഈ പ്രതിസന്ധി അവസാനിക്കും.

6. ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത മാര്‍ഗങ്ങള്‍ തുറന്നു തരുന്നവനാണ് അല്ലാഹു എന്നോര്‍ക്കുക.

7. നിങ്ങള്‍ക്ക് സത്യമായി തോന്നിയ ആദര്‍ശം സത്യമാണെന്ന് അംഗീകരിക്കാവുന്ന ഒരു മാനസികാവസ്ഥ അവര്‍ക്കും സൃഷ്ടിച്ചെടുക്കാന്‍ അറിവോടും യുക്തിയോടും കൂടി പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

0
0
0
s2sdefault