ആദര്‍ശനിഷ്ഠയുടെ പ്രഖ്യാപനം

ശമീര്‍ മദീനി

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04
''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു). അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍-(വിശിഷ്യാ) ഇബ്‌റാഹീം നിന്ന സ്ഥലം-ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു'' (ക്വുര്‍ആന്‍ 3:96,97)  

കോടിക്കണക്കിന് മുസ്‌ലിംകള്‍ നിത്യേനയുള്ള അഞ്ചുനേരത്തെ നമസ്‌കാരത്തിലൂടെ പ്രപഞ്ച സ്രഷ്ടാവിനെ ആരാധിക്കുമ്പോള്‍ വിശുദ്ധ കഅ്ബയിലേക്കാണ് തിരിഞ്ഞുനില്‍ക്കുന്നത്. ലോകരക്ഷിതാവിനെ വിളിച്ച് പ്രാര്‍ഥിച്ച് അവനു മാത്രം ആരാധനകളര്‍പ്പിക്കാന്‍ ഏകദൈവാരാധനയുടെ നിഷ്‌കളങ്ക പ്രചാരകനായി ആ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ച ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈല്‍ നബി(സ്വ)യുടെയും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കഅ്ബയുടെയും ഹജ്ജിന്റെയും ഓരോ രംഗവും. സര്‍വശക്തനായ അല്ലാഹുവിന് മുമ്പില്‍ സര്‍വസ്വവും സമര്‍പിച്ച ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗ-സമര്‍പണങ്ങളുടെ ചരിത്രമാണ് കഅ്ബക്ക് പറയാനുള്ളത്.

ഹജ്ജിന്റെ ഓരോ കര്‍മവും ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും സ്മരണകളുമായി ചരിത്രബന്ധമുള്ളവയായിട്ടും ഹജ്ജിന്റെ കര്‍മങ്ങളിലൊന്നും ഇബ്‌റാഹീം നബി(അ)ക്കോ കുടുംബത്തിനോ ആരാധനകളുടെ യാതൊരംശവും സമര്‍പിക്കുവാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അവരുടെ പ്രതിഷ്ഠകളോ അവരുടെ പേരിലുള്ള നേര്‍ച്ചപ്പെട്ടികളോ അവിടങ്ങളിലൊന്നും ഇല്ല. മറിച്ച് ആ മഹാത്മാക്കളുടെ ആദര്‍ശം നെഞ്ചിലേറ്റി ചുണ്ടുകളിലൂടെ ഏറ്റു പറഞ്ഞുകൊണ്ട് ഏകദൈവാരാധനയുടെ പ്രതീകങ്ങളായാണ് ഓരോവിശ്വാസിയും ഹജ്ജിനായി സമ്മേളിക്കുന്നത്.

ഹജ്ജിന്റെ മന്ത്രോച്ചാരണമായ തല്‍ബിയത്തിന്റെ അര്‍ഥം ഗ്രഹിച്ച ആര്‍ക്കുമത് ഗ്രഹിക്കാവുന്നതാണ്. ''ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്...'' ''അല്ലാഹുവേ, നിന്റെ വിളിക്കിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. സര്‍വസ്തുതികളും അനുഗ്രഹങ്ങളും ആധിപത്യവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരനുമില്ല.''

കഅ്ബയുടെ 'കറുത്ത കല്ലിനെ' ചുംബിച്ച് രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞ വാക്കുകളും മറ്റൊന്നല്ല പഠിപ്പിക്കുന്നത്: ''നിശ്ചയം നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ ദൂതന്‍ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല.''

കാരണം ഇബ്‌റാഹീം(അ) എന്ന ആദര്‍ശധീരനായ പ്രവാചകന്‍ പകര്‍ന്നുകൊടുത്ത ആദര്‍ശമാണ് അവരുടെ മനസ്സുകളിലും സിരകളിലുമുള്ളത്. ഇബ്‌റാഹീം(അ) ബഹുദൈവാരാധകരോട് പ്രഖ്യാപിച്ചതിപ്രകാരമാണ്: ''തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.'' (6:79).

ആ സന്ദേശം പിന്‍തലമുറയിലേക്ക് പകര്‍ന്നുകൊടുത്ത മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചതും അതുതന്നെയായിരുന്നു. 

0
0
0
s2sdefault