ആദംനബി (അ)യുടെ പശ്ചാത്താപവും മൗലിദ് കിതാബുകളിലെ കള്ളക്കഥകളും

ഹുസൈന്‍ സലഫി, ഷാര്‍ജ 

2017 ജൂലായ് 15 1438 ശവ്വാല്‍ 21

ആദം നബി (അ): 4

അല്ലാഹുവിന്റെ കല്‍പനയോട് തങ്ങള്‍ സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് ബോധ്യമായ ആദംനബി(അ)യും ഹവ്വയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി. തെറ്റ് സംഭവിച്ചാല്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലാണല്ലോ ശരിയായ മാര്‍ഗം. പിശാച് അല്ലാഹുവിന്റെ കല്‍പനയോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് മനസ്സിലാക്കിയിട്ടും അവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നതിന് പകരം കൂടുതല്‍ ന്യായീകരിച്ച് അഹന്ത കാണിക്കുകയാണ് ചെയ്തത്. അതിനാല്‍ അവന്‍ എക്കാലത്തെക്കുമായി ശപിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആദം(അ)യും ഹവ്വായും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയാണ് ചെയ്തത്. അത് ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.

''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ''(2:37).  

തെറ്റുകള്‍ സംഭവിച്ചാല്‍ ഉടന്‍ തൗബ ചെയ്ത് മടങ്ങണം. അതു അല്ലാഹു  വിശ്വാസികളുടെ ഗുണമായി നമുക്ക് പറഞ്ഞുതന്നിട്ടുമുണ്ട്:

''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും, തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവക്കു വേണ്ടിയും (സ്വര്‍ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നു). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?  ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (3:135).

ആദം(അ) അല്ലാഹുവിനോട് നടത്തിയ പശ്ചാത്താപം അല്ലാഹു ക്വുര്‍ആനില്‍ വ്യക്തമാക്കിയതാണെന്ന് നാം പറഞ്ഞല്ലോ. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ വ്യക്തമായ വചനങ്ങളെ മറച്ചുവെച്ച് ആദം (അ)ന്റെ അല്ലാഹുവോടുള്ള പശ്ചാത്താപത്തിന്റെ പേരിലും കള്ളക്കഥകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 

'ആദം(അ)ക്ക് തെറ്റ് പറ്റിയപ്പോള്‍ (അതിനുള്ള പരിഹാരത്തിനായി) തല അര്‍ശിലേക്ക് ഉയര്‍ത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഞാന്‍ നിന്നോട് മുഹമ്മദ് നബിയുടെ ഹക്ക്വ് കൊണ്ട് ചോദിക്കുന്നു. അപ്പോള്‍ അല്ലാഹു ആദമിനോട് ചോദിച്ചു: ആരാണ് മുഹമ്മദ്? ആദം(അ) പറഞ്ഞു: നീ എന്നെ സൃഷ്ടിച്ചപ്പോള്‍ ഞാന്‍ അര്‍ശിലേക്ക് നോക്കി. അപ്പോള്‍ അതില്‍ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് എഴുതിയത് കണ്ടു. നിന്റെ പേരിന്റെ കൂടെ അദ്ദേഹത്തിന്റെ പേര് എഴുതണമെങ്കില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹത്തിന്റെ മഹത്ത്വവും എത്രയുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി...'  ഹദീഥ് നിദാന പണ്ഡിതന്മാര്‍ ദുര്‍ബലമെന്ന് വിധിയെഴുതിയിട്ടുള്ള, വിശുദ്ധ ക്വുര്‍ആനിന്റെ വിവരണങ്ങള്‍ക്ക് വിരുദ്ധമായ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലരും കഥകള്‍ മെനഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണെന്ന് നാം മുമ്പ് മനസ്സിലാക്കിയല്ലോ.

''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ(2:37).''  ഈ വചനത്തില്‍ പശ്ചാത്താപത്തിനായി അല്ലാഹുവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചുവെന്നാണ് പറയുന്നത്. ഏതായിരുന്നു ആ വചനങ്ങള്‍ എന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതേ സംഭവം വിശദീകരിക്കുന്ന കൂട്ടത്തില്‍ സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു ആ വചനങ്ങള്‍ എന്തായിരുന്നുവെന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കാണുക: 

''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (7:23).  

ഫാത്വിമ മൗലിദ് എന്ന് പറയുന്ന ഒരു ക്ഷുദ്രകൃതിയിലും ശിയാക്കളുടെ കൃതികളിലും തത്തുല്ല്യമായ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത് മുഹമ്മദ് നബി(സ്വ), ഫാത്വിമ(റ), അലി(റ), ഹസന്‍(റ), ഹുസൈന്‍(റ) തുടങ്ങിയവരുടെ കൂടി ഹക്ക്വ ്ജാഹ് ബറകത്തുകള്‍ കൊണ്ട് ഇടതേടിയെന്നാണ്. അതുപോലെ ആദം(അ) അല്ലാഹുവിനോട് പശ്ചാത്തപിച്ച സമയത്ത് മുഹ്‌യുദ്ദീന്‍ ശൈഖ് ഉണ്ടായിരുന്നുവെന്ന് മറ്റൊരു വാറോല കൃതിയിലും എഴുതിപ്പിടിപ്പിട്ടുണ്ട്. ഇതൊന്നും വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്ന കാര്യമല്ലെന്ന് നാം മനസ്സിലാക്കണം. പ്രമാണങ്ങളുടെ പന്‍ബലമില്ലാത്ത ഒന്നിനെയും നാം ഒന്നിനും അടിസ്ഥാനപ്പെടുത്തുവാനും പാടില്ല.

െ്രെകസ്തവര്‍ വിശ്വസിക്കുന്നത് യേശുവിലൂടെയാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്നാണ്. ഇത്തരത്തില്‍ യാഥാര്‍ഥ്യങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത വികല വിശ്വാസങ്ങളാണ് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളവര്‍ക്കുള്ളതെന്നതാണ് വാസ്തവം. 

കെട്ടുകഥകള്‍ക്ക് ജനങ്ങള്‍ ചെവികൊടുക്കില്ലെന്ന് മനസ്സിലാക്കിയ പുരോഹിതന്മാര്‍ അതിന് അംഗീകാരം ലഭിക്കുന്നതിന് വേണ്ടി മഹാന്മാരായ ഇമാമുകളുടെ മേല്‍ അവ കെട്ടിവെക്കുകയാണ് ചെയ്തത്. ഹി.852ല്‍ മരണപ്പെട്ട ഒരാള്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഇമാം അബൂഹനീഫ(റഹി)യുടെ പേരില്‍ ഒരു പുസ്തകം എഴുതി ഇത് അദ്ദേഹത്തില്‍ ആരോപിക്കുകയും എന്നിട്ട് പ്രസ്തുത പുസ്തകത്തില്‍ ഇമാം അബൂ ഹനീഫ ഈ ഇടതേട്ടം അംഗീകരിച്ചിരുന്നുവെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത പുസ്തകത്തില്‍ പറയുന്നത് കാണുക:

''(നബിയേ) അവിടുന്ന് (എങ്ങനെയുള്ളവനാണ്!). അങ്ങയുടെ പിതാവായ ആദം അങ്ങയെ കൊണ്ട് ഇടതേടിയപ്പോളാണ് കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്.''

അബൂഹനീഫ(റഹി) ഇങ്ങനെ മരണപ്പെട്ടവരെ ഇടയാളരാക്കി പ്രാര്‍ഥിക്കുന്നത് അംഗീകരിച്ചിരുന്ന പണ്ഡിതനായിരുന്നോ?  അല്ല, ഒരിക്കലുമല്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് കാണുക:

''പ്രാര്‍ഥിക്കുന്നവന്‍ ഇന്ന ആളുടെ ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ നിന്റെ അമ്പിയാഇന്റെയും റസൂലുകളുടെയും ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ ബൈത്തുല്‍ ഹറാമിന്റെയും മശ്അറുല്‍ ഹറാമിന്റെയും ഹക്ക്വ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു എന്ന് പറയുന്നത് വെറുക്കുന്നു.''

ആദം(അ) ചെയ്ത പ്രാര്‍ഥന നബി(സ്വ)യെ ഇടയാളനാക്കിക്കൊണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അതിനെ വെറുക്കുമോ? അപ്പോള്‍ മുകളില്‍ കണ്ട വരികള്‍ ഒരിക്കലും അദ്ദേഹത്തിന്റെതല്ലെന്ന് വ്യക്തമാണ്.

പിശാച് മനുഷ്യനെ പിഴപ്പിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളും മനുഷ്യനു മുന്നില്‍ തുറന്നിടുന്നതാണ്. ചിലപ്പോള്‍ കല്‍പിക്കപ്പെട്ടതില്‍ നിന്ന് നമ്മെ പിന്തിരിപ്പിച്ചുകൊണ്ടും മറ്റു ചിലപ്പോള്‍ കല്‍പിക്കപ്പെടാത്തത് ചെയ്യിച്ചും നമ്മെ അവന്‍ പിഴപ്പിക്കും. നമസ്‌കാരത്തിന് വിളിക്കപ്പെടുമ്പോള്‍; ജോലി തീര്‍ത്തിട്ടാകാം, നല്ല കച്ചവടം നടക്കുന്ന സമയമാണ്; പിന്നീടാകാം, ഉറക്കം വരുന്നു; ഉറങ്ങിയിട്ടാകാം... അങ്ങനെയങ്ങനെ പല ദുര്‍മന്ത്രണവും നടത്തി അവന്‍ നമ്മെ ആരാധനയില്‍നിന്നകറ്റി വഴിപിഴപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്നതില്‍നിന്ന്, അതില്‍ തന്നെ ക്വുര്‍ആനിന്റെ മജ്ജയായ തൗഹീദില്‍ നിന്നാണ് അവന്‍ മനുഷ്യരെ ഏറ്റവും അധികം അകറ്റാനും കുഴപ്പത്തിലാക്കാനും ശ്രമിക്കുക. ക്വുര്‍ആന്‍ പാരായണത്തിന്റെ തുടക്കത്തില്‍ തന്നെ അവനില്‍ നിന്ന് അല്ലാഹുവില്‍ കാവല്‍ ചോദിക്കാന്‍ ക്വുര്‍ആന്‍ നമ്മോട് കല്‍പിച്ചിട്ടുണ്ടല്ലോ:

''നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക'' (16:98). 

നമസ്‌കാരത്തില്‍ നാം നടത്തുന്ന പ്രാര്‍ഥനയില്‍ 'അല്ലാഹുവേ, തീര്‍ച്ചയായും ഞാന്‍ നരക ശക്ഷയില്‍ നിന്നും ക്വബ്ര്‍ ശിക്ഷയില്‍ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളില്‍ നിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു' എന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത് ഓര്‍ക്കുക.

ജീവിതത്തിലുള്ള പരീക്ഷണങ്ങള്‍ പലതാണ്. പിശാച് സംശയങ്ങള്‍ രൂപപ്പെടുത്തിയും ദേഹേച്ഛകളെ ഇളക്കിവിട്ടും നമുക്കിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും. സംശയങ്ങളിലൂടെ വഴിപിഴപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം ക്വുര്‍ആനില്‍ നിന്നും പ്രവാചക ചര്യയില്‍ നിന്നും പുണ്യവാന്മാരായ സ്വഹാബിമാര്‍ മനസ്സിലാക്കിയത് പോലെ അറിവ് സ്വീകരിക്കുകയും മുന്‍ഗാമികളുടെ മാര്‍ഗം സ്വീകരിച്ച് നേടിയ അറിവനുസരിച്ച് പ്രവര്‍ത്തിക്കലുമാണ്. ദേഹേച്ഛകള്‍ കൊണ്ടും അവന്‍ നമ്മെ വഴിപിഴപ്പിക്കും. അതില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള പോംവഴി അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ ക്ഷമ കൈകൊള്ളുക എന്നതാണ്. ക്വുര്‍ആന്‍ പാരായണം ചെയ്തും നബി(സ്വ) പഠിപ്പിച്ചിട്ടുള്ള ദിക്‌റുകള്‍ നിത്യജീവതത്തില്‍ പ്രാവര്‍ത്തികമാക്കിയും ജുമുഅഃ അടക്കം എല്ലാ ഫര്‍ദ് നമസ്‌കാരങ്ങളിലും പള്ളിയില്‍ പങ്കെടുക്കുകയും നന്മയുടെയും സൂക്ഷ്മതയുടെയും ആളുകളുടെ കൂടെ കൂട്ടുകൂടുകയും ദുഷിച്ചവരോടുള്ള സഹവാസം ഒഴിവാക്കുകയും ചെയ്ത് ജീവിക്കുന്നതിലൂടെ മാത്രമെ പൈശാചിക ഫിത്‌നകളില്‍ നിന്ന് നമുക്ക് രക്ഷ പ്രാപിക്കാന്‍ സാധിക്കൂ. അല്ലാഹു നമ്മെ എല്ലാവരെയും പിശാചിന്റെ എല്ലാ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടുത്തുമാറാകട്ടെ, ആമീന്‍.

ആദം(അ)യും ഹവ്വായും അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും അല്ലാഹു അവരുടെ ഇരുവരുടെയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തുവെന്ന് നാം മനസ്സിലാക്കി. തുടര്‍ന്നാണ് അവര്‍ ഭൂമിയില്‍ താമസമാക്കുന്നത്. ക്രൈസ്തവരുടെ വിശ്വാസം ആദമും ഹവ്വയും ആദമിന്റെ മക്കളായ മറ്റു മനുഷ്യരും പാപികളായാണ് ഭൂമിയില്‍ വന്നതെന്നും അവരുടെ പാപം പൊറുക്കപ്പെട്ടത് യേശുവിന്റെ കുരിശിലേറലിലൂടെയാണെന്നാണ്. മുഴുവന്‍ മനുഷ്യരും ജന്മനാ പാപികളാണെന്നും ആ പാപങ്ങളില്‍ നിന്ന് മനുഷ്യര്‍ മുക്തരായത് യേശുവിന്റെ ക്രൂശീകരണത്തിലൂടെയാണെന്നുമുള്ള വിശ്വാസം ഒരിക്കലും അല്ലാഹു പ്രവാചകന്മാരിലൂടെ മനുഷ്യരെ പഠിപ്പിച്ച സന്ദേശങ്ങളിലില്ല. കുരിശിലേറിയ ദിവസത്തെ ക്രൈസ്തവര്‍ ദുഃഖ വെള്ളിയായി ഗണിക്കുന്നു. കുരിശിലേറിയ കാരണത്താല്‍ മനുഷ്യരെല്ലാം പാപമുക്തരായ കാരണത്താല്‍ ആ ദിവസത്തെ തന്നെ അവര്‍ 'ഗുഡ് ഫ്രൈഡേ' ആയും ആചരിക്കുന്നു! ഈ വിശ്വാസം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നതല്ല. കാരണം, ഒരാളുടെ പാപഭാരവും മറ്റൊരാള്‍ വഹിക്കുന്നതല്ല. ക്വിയാമത്ത് നാളില്‍ ഓരോരുത്തരും അവരവര്‍ ചെയ്ത നന്മതിന്മകളുമായി അല്ലാഹുവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും. ഇതാണ് എല്ലാ പ്രവാചകന്മാരും ജനങ്ങളെ പഠിപ്പിച്ചത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അതല്ല, മൂസായുടെയും (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?  അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും''(53:36, 37).  

ഒരാളില്‍ വന്ന വീഴ്ചക്ക് മറ്റുള്ളവരെ കുറ്റക്കാരനാക്കുന്നത് അക്രമമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണല്ലോ. അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. നബി(സ്വ) പറയുന്നത് കാണുക:

''എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്''(ബുഖാരി, മുസ്‌ലിം). 

ഇസ്‌ലാം പഠിപ്പിക്കുന്നത് പോലെ ഒരാള്‍ ഹജ്ജ് നിര്‍വഹിക്കുന്നുവെങ്കില്‍ അവന്‍ പാപങ്ങളില്‍ വിമലീകരിക്കപ്പെട്ട് ഒരു (ഇപ്പോള്‍ ജനിച്ച) കുഞ്ഞിനെ പോലെയാകുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് ഒരാളും പാപിയായിട്ടല്ല ഈ ഭൂമിയില്‍ പിറവിയെടുക്കുന്നതെന്നാണ്.

ആദം(അ)നെയും ഹവ്വായെയും അല്ലാഹു ഭൂമിയിലേക്ക് അയച്ചശേഷം അവര്‍ എവിടെ വന്നു എന്നൊന്നും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. എന്നാല്‍ പലരും ആദം(അ) ഇറങ്ങിയത് ശ്രീലങ്കയിലാണെന്നും ഹവ്വാഅ് സുഊദിയിലെ ജിദ്ദയിലാണെന്നും പ്രചരിപ്പിക്കുന്നത് കേള്‍ക്കാം. 'വല്ലിമ്മ' എന്നര്‍ഥത്തിലുള്ള ജദ്ദഃ എന്നായിരുന്നു അതിന്റെ പേരെന്നും പിന്നീട് അത് ജിദ്ദഃ എന്നായതാണെന്നുമൊക്കെ വിശദീകരിക്കാറുണ്ട് പലരും. അതുപോലെ അവര്‍ ഇരുവരും ഭൂമിയില്‍ ആദ്യമായി കണ്ടുമുട്ടിയത് അറഫയില്‍ വെച്ചായിരുന്നുവെന്നും പറയാറുണ്ട്. പലയിടങ്ങളിലും അവരുടെ കാല്‍ പാദങ്ങളെന്ന് പറഞ്ഞ് പ്രത്യേകമാക്കി അടയാളപ്പെടുത്തിയതും കാണാം. ഇതിനൊന്നും യാതൊരു തെളിവുമില്ല. 

ഇബ്‌നു ബാസ്(റഹി) ചോദിക്കപ്പെട്ടു: 'ആദം (അ) ശ്രീലങ്കയിലാണ്, (അതില്‍ തന്നെ) സറന്ദീബ് എന്ന ഏരിയയിലാണ് ഇറങ്ങിയത് എന്നത് ശരിയാണോ അല്ലേ? അദ്ദേഹം ഉത്തരം നല്‍കി: 'ഇതിന് യാതൊരു അടിത്തറയുമില്ല. അതിന്റെ സ്വീകാര്യതയും അറിയപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ക്വബ്‌റും അറിയപ്പെട്ടിട്ടില്ല. അദ്ദേഹം എവിടെ ഇറങ്ങിയെന്നോ എവിടെ ക്വബ്‌റടക്കപ്പെട്ടുവെന്നോ ഒന്നും അറിയപ്പെട്ടിട്ടില്ല.' (നൂറുന്‍ അലദ്ദര്‍ബ്).

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ ജിബ്‌രീല്‍(അ) മലക്കുകളെയും കൊണ്ട് ആദമിന്റെ (ജനാസ) നമസ്‌കരിക്കുകുയം മസ്ജിദുല്‍ ഖൈഫില്‍ അദ്ദേഹം ക്വബ്‌റടക്കപ്പെടുകയും ചെയ്തു എന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇമാം ദാറക്വുത്വ്‌നിയെപോലെയുള്ളവര്‍ ആറിപ്പോര്‍ട്ടില്‍ അബ്ദുര്‍റഹ്മാനുബ്‌നു മാലിക്ബ്‌നു സഗൂല്‍ എന്നൊരു നിവേദകന്‍ ഉണ്ട്. അദ്ദേഹം ഉപേക്ഷിക്കപ്പെേടണ്ടവന്‍ ആണെന്നും പറഞ്ഞിട്ടുണ്ട്. ആദം(അ) ന്റെ ക്വബ്‌റ് ശൈഖ് ഇബ്‌നു ബാസ്(റ) പറഞ്ഞത് പോലെ എവിടെയാണെന്ന് സ്വീകാര്യമായ തെളിവുകളാല്‍ സ്ഥിരപ്പെട്ടുവന്നിട്ടില്ല എന്നര്‍ഥം.

0
0
0
s2sdefault