ആദ് സമുദായത്തിന്റെ പതനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

''എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്.''(11:52).

അല്ലാഹുവിലേക്കുള്ള പാപമോചനത്തിനും പശ്ചാത്താപത്തിനും വലിയ മഹത്ത്വമുണ്ടെന്ന് പ്രവാചകന്മാര്‍ അവരവരുടെ ജനതയോട് പറയുന്നതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഏതൊരടിമ തന്റെ യജമാനനിലേക്ക് പാപമോചനത്തിലൂടെയും പശ്ചാത്താപത്തിലൂടെയും അടുക്കുന്നുവോ, അവന്‍ റബ്ബിങ്കല്‍ ഇഷ്ടദാസനാകും- ഇന്‍ശാ അല്ലാഹ്. പാപമോചനം തേടുന്നതിനെ സംബന്ധിച്ച് പ്രവാചകന്‍ ﷺ പറഞ്ഞത് കാണുക:

''ആരെങ്കിലും പാപമോചന പ്രാര്‍ഥന നടപ്പിലാക്കിയാല്‍ അവന് അല്ലാഹു എല്ലാ കഷ്ടപ്പാടില്‍ നിന്നും ഒരു പോംവഴിയും എല്ലാ വ്യസനത്തില്‍ നിന്നും ഒരു വിടവും അവന്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ അവന് ഉപജീവനവും നല്‍കുന്നതാണ്'' (അബൂദാവൂദ്). 

നബി ﷺ ദിവസവും അല്ലാഹുവിനോട് പാപമോചന പ്രാര്‍ഥനയും പശ്ചാത്താപവും നൂറിലധികം തവണ ചെയ്തിരുന്നു. പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും എത്രയോ പ്രാര്‍ഥനകള്‍ ക്വുര്‍ആനിലും സുന്നത്തിലും കാണാന്‍ സാധിക്കും. മനസ്സറിഞ്ഞ് പാപമോചനത്തിനായി നാം പ്രാര്‍ഥിക്കുക.

''ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്?  എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്''(ക്വുര്‍ആന്‍ 7:71).

സ്വദാ, സ്വമൂദ്, ഹബാഅ് തുടങ്ങിയ വിഗ്രഹങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. ഇവയെയൊന്നും ആരാധിക്കരുതെന്നും അതിനൊന്നും യാതൊരു പ്രമാണവുമില്ലെന്നും അദ്ദേഹം അവരെ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ പിന്മാറിയില്ല. അവര്‍ അവരുടെ ശക്തിയും കഴിവും വലിയ വലിയ സൗധങ്ങളും കൂറ്റന്‍തൂണുകളുടെ സഹായത്തോടെ ഭീമന്‍ കെട്ടിടങ്ങളും നിര്‍മിച്ച് പുറത്തെടുത്തു. അത് അവരുടെ അഹങ്കാരത്തിന്റെയും ഹുങ്കിന്റെയും അടയാളമായിരുന്നു. ഹൂദ്(അ) അവരോട് ചോദിച്ചു.

''വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൗധങ്ങള്‍ ഉണ്ടാക്കുകയുമാണോ?'' (ക്വുര്‍ആന്‍ 26:128,129).

''നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍! നിഷ്ഠൂരന്‍മാരായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 26:130,131).

അഹങ്കാരവും പൊങ്ങച്ചവും ഒഴിവാക്കി നിങ്ങള്‍ക്ക് ആരോഗ്യവും കഴിവും നല്‍കിയ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അല്ലാഹുവിന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂ എന്ന് അദ്ദേഹം അവരോട് പറഞ്ഞുനോക്കി. അവര്‍ അതിന് ചെവി കൊടുത്തില്ല. അവര്‍ എങ്ങനെയാണ് അദ്ദേഹത്തോട് പ്രതികരിച്ചതെന്ന് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?  എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍'' (ക്വുര്‍ആന്‍ 7:70).

''അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല'' (ക്വുര്‍ആന്‍ 11:53).

''അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു''(ക്വുര്‍ആന്‍ 23:33,34).

'ഞങ്ങളുടെ പൂര്‍വപിതാക്കളെല്ലാം ആരാധിച്ച ഈ ആരാധ്യരെ ഒഴിവാക്കാന്‍ മാത്രം വലിയ തെളിവൊന്നും നീ ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ലല്ലോ. ഞങ്ങള്‍ ഭക്ഷിക്കുന്നത് പോലെ ഭക്ഷിക്കുന്ന, ഞങ്ങള്‍ കുടിക്കുന്നത് പോലെ കുടിക്കുന്ന, ഞങ്ങളില്‍ നിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത നിന്റെ ഒരു വാക്ക് കേട്ട് ഞങ്ങളുടെ വിശ്വാസത്തെ ഒഴിവാക്കാന്‍ വിഡ്ഢികളൊന്നുമല്ല ഞങ്ങളെന്നും അപ്രകാരം ഞങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരായി മാറുമെന്നും, അതിനാല്‍ ഞങ്ങള്‍ അതിന് തയ്യാറല്ല' എന്നെുമെല്ലാം അവര്‍ തുറന്ന് പറഞ്ഞു!

''അവര്‍ പറഞ്ഞു: നീ ഉപദേശം നല്‍കിയാലും ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു. ഇത് പൂര്‍വികന്‍മാരുടെ സമ്പ്രദായം തന്നെയാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല'' (ക്വുര്‍ആന്‍ 26:136,136).

ഇന്നും ആളുകള്‍ തെളിവുകള്‍ കേട്ടാലും 'നിങ്ങള്‍ ഞങ്ങളോട് വേദം ഓേതണ്ട. ഞങ്ങള്‍ക്ക് ഒരു ക്വൂര്‍ആനും കേള്‍ക്കേണ്ട, ഒരു ഹദീസും കേള്‍ക്കേണ്ട. ഞങ്ങള്‍ ഞങ്ങളുടെ ഉസ്താദുമാര്‍ പറഞ്ഞുതന്നതിനെയും ഞങ്ങളുടെ കാക്കകാരണവന്മാരുടെയും നടപടികളെയും മാത്രമെ പിന്തുടരൂ' എന്നൊക്കെ പറയുന്നവരുണ്ടല്ലോ! ഇത് പ്രവാചകന്മാരുടെ പിന്‍ഗാമികളുടെ സമീപനമായിട്ടല്ല മറിച്ച്, പ്രവാചകന്മാരുടെ ശത്രുക്കളുടെ രീതിയായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.

ആദ് സമുദായം ഹൂദ്(അ)നെ ശക്തിയുടെയും ആരോഗ്യത്തിന്റെയും പേരില്‍ അഹങ്കാരത്തിന്റെ വാക്കുകള്‍ പറഞ്ഞ് എതിര്‍ത്തപ്പോള്‍ ഹൂദ്(അ) അവര്‍ക്ക് ഇപ്രകാരം മറുപടി നല്‍കി:

''എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടുകൂടേ? അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്! നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.'' (41:15)

അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പ്രബോധന വീഥിയില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ധീരമായി അതിനെയെല്ലാം നേരിട്ടു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക. അല്ലാഹുവിന് പുറമെ അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്റെ നെറുകയില്‍ പിടിക്കുന്ന(നിയന്ത്രിക്കുന്ന)തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്. നിങ്ങളല്ലാത്ത ഒരു ജനതയെ എന്റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതുമാണ്. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ച് പോരുന്നവനാകുന്നു'' (11:54-57).

'ഹൂദേ, നിനക്ക് ഞങ്ങളുടെ ഏതോ ചില ആരാധ്യരുടെ ദോഷമേ ഇപ്പോള്‍ ബാധിച്ചിട്ടുള്ളൂ. ഞങ്ങളുടെ മുഴുവന്‍ ദൈവങ്ങളുടെയും ദോഷം ബാധിച്ചാല്‍ നിന്റെ അവസ്ഥയെന്താകും?' എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ അവര്‍ പേടിപ്പിക്കാന്‍ നോക്കിയെങ്കിലും അവരുടെ പേടിപ്പെടുത്തലിന് മുന്നില്‍ അദ്ദേഹം വിറച്ചു നിന്നില്ല. നിങ്ങള്‍ അല്ലാഹുവിനു പുറമെ ആരാധിക്കുന്ന മുഴുവന്‍ ആരാധ്യരെയും ഞാന്‍ ഒഴിവാക്കുകയാണ്. ഞാന്‍ ആരാധനകളര്‍പ്പിക്കുന്നതും കീഴ്‌വണങ്ങുന്നതും എല്ലാം അല്ലാഹുവിന് മാത്രമാണ്. അവന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവര്‍ക്കൊന്നും എനിക്ക് ഗുണമായോ ദോഷമായോ യാതൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളും നിങ്ങള്‍ ആരാധിക്കുന്നവരും ചേര്‍ന്ന് എനിക്കെതിരില്‍ വല്ലതും ചെയ്യാന്‍ ഒരുങ്ങുന്നുവെങ്കില്‍ സമയം പാഴാക്കാതെ ചെയ്തുകൊള്ളുക. എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവില്‍ ഭരമേല്‍പിച്ച് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിനാല്‍ ആ രക്ഷിതാവ് തീരുമാനിച്ചതേ എനിക്കെതിരില്‍ നിങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.അവന്‍ തീരുമാനിക്കാത്ത യാതൊന്നും എനിക്ക് വരുത്തുവാന്‍ നിങ്ങള്‍ക്കല്ല; നിങ്ങളുടെ ആരാധ്യര്‍ക്കും സാധ്യമല്ല. അവനില്‍ ഉറച്ച് വിശ്വസിക്കുന്നവരെ അവന്‍ പരാജയപ്പെടുത്തില്ല. അവന്‍ എന്നെ സഹായിക്കും. അവന്‍ നീതിമാനാണ്. അടിമകളോട് അനീതി പ്രവര്‍ത്തിക്കുന്നവനല്ല. അവനോട് ധിക്കാരം കാണിക്കുന്നവര്‍ക്ക് ആത്യന്തികമായി സഹായം നല്‍കി, അവനെ അനുസരിക്കുന്നവരോട് അനീതി കാണിക്കുന്നവനല്ല അല്ലാഹു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു പുറമെ ആരാധിക്കുന്നവയെ ഞാന്‍ ഒഴിവാക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ശിര്‍ക്കില്‍ നിന്ന് ഞാന്‍ ഒഴിവായവനുമാകുന്നു. അല്ലാഹു നിങ്ങള്‍ക്ക് എത്തിച്ചു തരേണ്ടതായി അവന്‍ എന്നെ ഏല്‍പിച്ചത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചിട്ടുണ്ട്. നിങ്ങള്‍ അത് സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് പകരം അല്ലാഹു വേറെ ഒരു ജനതയെ കൊണ്ടുവരുന്നതാണ്... എന്നെല്ലാം അവരോട് അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു.

0
0
0
s2sdefault