അകലും മുമ്പ് ആലോചിക്കേണ്ടത്...

മെഹബൂബ് മദനി ഒറ്റപ്പാലം 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

അടുത്ത് കഴിയേണ്ട ഇണകളില്‍ പലരും അകന്നുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത സാമൂഹ്യ യാഥാര്‍ഥ്യമാണ്. കുടുംബ കോടതികളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചന കേസുകള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി വരാന്തകള്‍ കയറിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകളും കുറവല്ല. മറ്റു പരിഹാരങ്ങളില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് ഇസ്‌ലാം വിവാഹമോചനം അനുവദിച്ചിട്ടുള്ളത്. പക്ഷേ, ഇതെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ തന്‍മൂലമുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളും ദിനംതോറും അധികരിച്ചുകൊണ്ടിരിക്കുന്നു. 

നിസ്സാര പ്രശ്‌നങ്ങള്‍ക്ക് വിവാഹമോചനം തേടുന്നവര്‍ സമുദായത്തിലുണ്ടാക്കുന്ന വിള്ളലുകള്‍ ചെറുതല്ല. കോടതിവരാന്തകളില്‍ സ്വന്തം മകള്‍ക്ക് വേണ്ടി വാദമുഖങ്ങല്‍ നിരത്തുമ്പോള്‍, പിഞ്ചുപൈതങ്ങളുടെ മാനസിക വ്യഥകള്‍ രക്ഷിതാക്കള്‍ മറന്നുപോകുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നത് നിഷേധിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും എടുക്കുകയും ഒഴിവാക്കുകയുമൊക്കെ ചെയ്യാവുന്ന ഒരു കമ്പോളമായിട്ടല്ല ഇസ്‌ലാം വിവാഹത്തെയും വിവാഹ മോചനത്തെയും കാണുന്നത്. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ട ബന്ധമായിക്കൊണ്ടാണ് ഇസ്‌ലാം വിവാഹജീവിതത്തെ നോക്കിക്കാണുന്നത്. കുടുംബ ജീവിതത്തില്‍ എന്തെങ്കിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടാല്‍ ഉടന്‍ തന്നെ ത്വലാഖ് ചെയ്യുക എന്നത് യഥാര്‍ഥ വിശ്വാസികളുടെ നിലപാടോ സ്വഭാവമോ അല്ല.

ഇണകള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ ഇസ്‌ലാം അവഗണിക്കുന്നില്ല. അവ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ മാത്രമാണ് വിവാഹമോചനം അനുവദിക്കപ്പെട്ടിട്ടുള്ളത്. അതും കൃത്യവും വ്യക്തവുമായ നിബന്ധനകളോടെ മാത്രവും.

അജ്ഞാനകാലഘട്ടത്തിലെ അറബികള്‍ക്കിടയില്‍ വിവാഹവും ത്വലാഖും മടക്കിയെടുക്കലുമൊക്കെ യാതൊരു നിയന്ത്രണവുമില്ലാതെയായിരുന്നു നടന്നിരുന്നത്. അത് മൂലം സ്ത്രീകള്‍ തെല്ലൊന്നുമല്ല പ്രയാസപ്പെട്ടിരുന്നത്. വിവാഹം കൊണ്ട് ലഭ്യമാവേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ, എന്നാല്‍ വിവാഹമോചനം ചെയ്യപ്പെടാതെ ജീവിക്കേണ്ടി വരുന്ന ദുരവസ്ഥ! മറ്റു നിയമ വ്യവസ്ഥകളെപ്പോലെ വിവാഹമോചനത്തിന്റെ വിഷയത്തിലും നിലവിലിരുന്ന വ്യവസ്ഥയെ സംസ്‌കരിക്കുകയും മനുഷ്യപ്രകൃതിക്ക് തീര്‍ത്തും അനുയോജ്യമായ നിയമങ്ങള്‍ കൊണ്ടുവരികയുമാണ് ഇസ്‌ലാം ചെയ്തത്.  

പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കേണ്ട ഇണകള്‍ക്കിടയില്‍ പിണക്കമുണ്ടായാലുള്ള പരിഹാരം ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത് കാണുക: ''ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പിലെത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (4:28). പരസ്പരമുണ്ടായ അകല്‍ച്ച വര്‍ധിക്കാതെ രണ്ടാളും യോജിക്കുന്ന വിധത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് അല്ലാഹു ഉപദേശിക്കുന്നത്.

ഭാര്യയില്‍ നിന്നാണ് അസംതൃപ്തി ഉണ്ടാകുന്നതെങ്കില്‍ അതിനുള്ള പരിഹാരവും ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു: ''അനുസരണക്കേട് കാണിക്കുന്നുവെന്ന് നിങ്ങള്‍ ഭയപ്പെടുന്ന സ്ത്രീകളെ (ഭാര്യമാരെ) നിങ്ങള്‍ ഉപദേശിക്കുക. കിടപ്പുസ്ഥാനങ്ങളില്‍ അവരുമായി അകന്നുനില്‍ക്കുകയും ചെയ്യുക.(വേണ്ടിവന്നാല്‍) അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ട് അവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും നിങ്ങള്‍ തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു'' (4:34).

ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ നബി(സ്വ)യും ഇത് സംബന്ധമായ ഉപദേശങ്ങള്‍  നല്‍കിയതായി കാണാം. അവിടുന്ന് പറഞ്ഞു: ''ജനങ്ങളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളുടെ മേല്‍ ബാധ്യതകളുണ്ട്. നിങ്ങള്‍ക്ക് അവരുടെ മേലും ബാധ്യതകളുണ്ട്. നിങ്ങളുടെ കിടക്കയിലേക്ക് മറ്റൊരാളെ ചവിട്ടാന്‍ അനുവദിക്കാതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവര്‍ക്ക് നിങ്ങളുടെ അനുവാദമില്ലാതെ പ്രവേശനാനുമതി നല്‍കാതിരിക്കുക, നീചമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുക എന്നിവ അവരുടെ മേലുള്ള ബാധ്യതകളാകുന്നു. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ അവരെ ഗുണദോഷിക്കാനും കിടപ്പു സ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുവാനും പരിക്കേല്‍ക്കാത്ത നിലയില്‍ അടിക്കുവാനും അല്ലാഹു അനുവദിച്ചിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ ഒഴിവാകുകയും നിങ്ങളെ അനുസരിക്കുകയും ചെയ്താല്‍ (അവരെ കഷ്ടപ്പെടുത്തരുത്) നീതിപൂര്‍വ്വം ഭക്ഷണവും വസ്ത്രവും അവര്‍ക്ക് നല്‍കേണ്ടതുമാണ്.''

ഇക്കാര്യങ്ങളെല്ലാം ത്വലാഖിന് മുമ്പ് ചെയ്യേണ്ടതാണ്. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഇരു പക്ഷത്തുനിന്നും മധ്യസ്ഥര്‍ ഇടപെട്ട് യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്നതാണ് ക്വുര്‍ആനിന്റെ നിര്‍ദേശം: ''ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന്  ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണുദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു''(4:35).

മധ്യസ്ഥര്‍ പരമാവധി രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കണം. അതിന്നു ശേഷവും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മാത്രമാണ് ത്വലാഖ് അനുവദനീയമാക്കിയിട്ടുള്ളത്. സ്ത്രീകളുടെ ശുദ്ധി കാലത്ത് മാത്രമായിരിക്കണം ത്വലാഖ് നടത്തേണ്ടതെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. ക്വുര്‍ആനും ഹദീഥുകളും പരിശോധിക്കുമ്പോള്‍ ത്വലാഖ് ഒഴിവാക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നാണ് കാണാന്‍ കഴിയുക. കുടംബം തകരുന്നതിനെ വളരെ ഗൗരവത്തിലാണ് ഇസ്‌ലാം കാണുന്നത് എന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം.

0
0
0
s2sdefault